കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Nov 11, 2010

ഒബാമ: ഡിപ്രഷന്‍ കാലത്തെ പ്രസിഡന്‍റ്

ഒബാമ വന്നു, പോയി. ഫുള്‍ പേജ് സപ്ലിമെന്‍റുകളും 24 മണിക്കൂര്‍ ലൈവുമായി ഇന്ത്യന്‍ മാധ്യമലോകം സായിപ്പിനെ കണ്ട് കവാത്ത് മാത്രമല്ല, സ്വന്തം പിതൃത്വം പോലും മറന്നുപോയി എന്നു തോന്നിപ്പിക്കുമാറുച്ചത്തില്‍ ഒബാമയുടെ ഉച്ചിഷ്ഠവും അമേധ്യവും കൂട്ടിക്കുഴച്ച് ജനങ്ങളെ തീറ്റിച്ചു. ഇപ്പോ എല്ലാം ക്ലിയറായി. ഇന്ത്യ നിലനില്‍ക്കുന്നത് അമേരിക്കയുടെ കാരുണ്യത്തിലാണ്. അതിഥിദേവോ ഭവ എന്നും മറ്റുമുള്ള നമ്മുടെ സാംസ്കാരികഗുണങ്ങളുടെ അടിസ്ഥാനത്തിലല്ല ഇതൊന്നും നടത്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. ഒബാമ മുംബൈയില്‍ വന്നപ്പോള്‍ മുംബൈയിലെ ഇന്ത്യക്കാര്‍ക്ക്
കിട്ടിയത് നിരോധനാജ്ഞയെക്കാള്‍ ഭീകരമായ അന്തരീക്ഷമായിരുന്നു. ദില്ലിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലോകനേതാക്കളെല്ലാം കൂടി അമേരിക്കയിലേക്കു ചെന്നാലും അവിടുത്തെ ഒരു പൗരനും ഒരസൗകര്യവുമുണ്ടാകാതെ നോക്കാന്‍ അവര്‍ക്കറിയാം. കാരണം, അവിടെ ജനം ജനവും ഇവിടെ തിരഞ്ഞെടുപ്പുകാലത്തു മാത്രം പ്രസക്തിയുണ്ടാകുന്ന ഒരുതരം പുഴുക്കളുമാണ്. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്‍ തുലാസ്സില്‍ തൂങ്ങുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോലും ഇടപെടാന്‍ കഴിയാത്ത ഭരണകൂടങ്ങള്‍ക്ക് ഒബാമയുടെ വഴിയില്‍ പരവതാനി വിരിക്കാന്‍ എത്ര ത്യാഗം സഹിക്കാനും ഉളുപ്പുണ്ടായില്ല. ഒബാമ പാര്‍ലമെന്‍റില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെയും സോണിയാജിയുടെയുമൊക്കെ മുഖത്ത് തിളങ്ങി നിന്നിരുന്ന അതിഭീകരമായ വിധേയത്വം നേരിട്ടാസ്വദിക്കാന്‍ കഴിഞ്ഞതും ഇതേ മീഡിയയുടെ ലൈവിന്‍റെ ഗുണം കൊണ്ടാണെന്നു വിസ്മരിക്കുന്നില്ല.

പിള്ളേരുടെ കൂടെ ഡാന്‍സ് കളിക്കുന്നു, പടക്കം പൊട്ടിക്കുന്നു, സന്തോഷം പങ്കിടുന്നു.ഹുമയൂണ്‍ കുടീരം സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ പണിക്കാരുടെ പിള്ളേരോട് കുശലം പറഞ്ഞത് രാഹുല്‍ ഗാന്ധി ലെവലില്‍ വരുന്ന ഒരു നമ്പര്‍ മാത്രമാണെന്നാണ് പലരും കരുതിയിരിക്കുന്നത്. ഈ ഹൈ ലെവല്‍ ഡ്രാമയ്‍ക്കു വേണ്ടി ആ പിള്ളേരെ എത്ര മാസം പരിശീലിപ്പിച്ചുണ്ടെന്നും അവരുടെ കുടിലുകള്‍ വരെ എത്ര തവണ അരിച്ചുപെറുക്കിയിട്ടുണ്ടെന്നും ദൈവത്തിനറിയാം. ഒബാമ വരികയെന്നു വച്ചാല്‍ പനിവരുന്നതു പോലെയോ വലിയ പരീക്ഷ വരുന്നതു പോലെയോ എന്തോ കുഴപ്പം പിടിച്ച അനുഭവമായി അവരുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും. നഗരത്തിലെ പോര്‍ഷ് ബിസിനസ് ഏരിയയിലെ കോളജില്‍ വിദ്യാര്‍ഥികളോട് മനസ്സു തുറന്നു സംവദിച്ച ഒബാമയുടെ നമ്മള്‍ തമ്മില്‍ കഴിഞ്ഞപ്പോള്‍ മീഡിയ പിള്ളേരെ കൊണ്ട് ഇങ്ങനെ പറയിച്ചു- ഇന്ത്യന്‍ നേതാക്കള്‍ ഇങ്ങനെയാകണം ! ഓടുന്ന ഒട്ടകത്തിന് ഒരു മുഴം മുന്നേ എറിയുന്ന രാഹുല്‍ ഗാന്ധി ആരായി ? പിള്ളേരോട് സംവദിച്ചും കുടിലുകള്‍ കയറിയും മണ്ണു ചുമന്നും ആ ചെറുപ്പക്കാരന്‍ പടുത്തുയര്‍ത്തിയ ഇമേജ് നാടന്‍ ഒബാമയെന്ന വിശേഷണമായി ചുരുങ്ങിയതില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ എനിക്കും പ്രതിഷേധമുണ്ട്. ഒന്നും വെറുതെയല്ല, കംപ്ലീറ്റ് ഇന്ത്യക്കാര്‍ക്കും അമേരിക്കയില്‍ വന്‍ ശമ്പളത്തില്‍ ജോലി ലഭിക്കാന്‍ പോകുന്നുവെന്നാണ് പറയുന്നത്. എന്നെയൊക്കെ അങ്ങനെ ബലമായി അമേരിക്കയില്‍ വന്‍ശമ്പളത്തില്‍ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിക്കുമോ എന്ന ആശങ്ക എനിക്കുണ്ട്. അവിടുത്തെ ക്ലൈമറ്റ് എനിക്കു പിടിക്കത്തില്ല. അങ്ങനെ ക്ലൈമറ്റ് പിടിക്കാത്തവരെയും കൊണ്ടുപോകുമോ ആവോ. എന്തായാലും ഇന്ത്യക്ക് രക്ഷപെടാനുള്ള ലാസ്റ്റ് ചാന്‍സ് എന്നു മീഡിയ വിശേഷിപ്പിച്ച ഈ ഒബാമ സന്ദര്‍ശനം ഇന്ത്യയോടുള്ള അദ്ദേഹത്തിന്‍റെ തീവ്രപ്രണയം കൊണ്ടാണെന്ന് പാവങ്ങളെ വിശ്വസിപ്പിക്കാന്‍ സാധിച്ചു എന്നത് ഒരു വലിയ കാര്യമാണ്. ഡേവിഡ് ഹെഡ്ലിയുടെയോ ഭോപാല്‍ നഷ്ടപരിഹാരത്തിന്‍റെയോ കാര്യം ഒരുത്തനും മിണ്ടിയില്ല. ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം എന്ന പക്വതയോടെ എല്ലാവരും മിണ്ടാതിരുന്നു. പൊട്ടാസ് കച്ചവടം ലക്ഷ്യമിട്ടു വന്ന ഓണത്തപ്പന് നാല് ഓര്‍ഡര്‍ കൂടുതല്‍ വാങ്ങി മടങ്ങുകയും ചെയ്തു. ഇവിടുന്ന് നേരെ പോയത് ഇന്തോനേഷ്യയിലേക്കാണ്. ഇവിടുത്തെപ്പോലെ അവിടെയും അനിതസാധാരണമായ പൊട്ടന്‍കളി തുടരുകയാണ്. നേരെ ചെന്ന് മുസ്‍ലിം പള്ളിയിലേക്ക് കയറി. ഒബാമ ചെരിപ്പൂരുകയും മിഷേല്‍ ഒബാമ ശിരോവസ്ത്രം ധരിക്കുകയും ചെയ്തു. ജനം ഫ്ലാറ്റ് ! അണ്ണനെ കേരളത്തിലേക്കെങ്ങാനും കൊണ്ടുവന്നിരുന്നേല്‍ മാലയിട്ട് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയും കയറി, ഗുരുവായൂരില്‍ ശയനപ്രദക്ഷിണവും നടത്തി ജൂണിയര്‍ പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹവും വാങ്ങി വിഎസിന് ഉഗ്രനൊരു കമ്പിളിപ്പുതപ്പും കൊടുത്തിട്ടേ പോവുമായിരുന്നുള്ളൂ എന്നുറപ്പിക്കാം. അല്ലെങ്കില്‍ പിന്നെ വഴിയില്‍ വച്ചു കണ്ട യെച്ചൂരി സഖാവിനോട് അത്രേം നമ്പരിടുമായിരുന്നോ ? സീതാറാം യെച്ചൂരിയെ കണ്ടപ്പോള്‍ ഒബാമ കെട്ടിപ്പിടിച്ചില്ലന്നേയുള്ളൂ. ഇന്ത്യയുടെ രാഷ്ട്രീയ മുഖ്യധാരയില്‍ കമ്യൂണിസ്റ്റുകള്‍ എന്നും പങ്കാളികളായിരുന്നുവെന്നാണു ഞാന്‍ കേട്ടിട്ടുള്ളത്. ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാവിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.- എന്നാണ് അദ്ദേഹം പറഞ്ഞത്. അത് കമ്മ്യൂണിസ്റ്റുകാര്‍ക്കിട്ട് ഒന്നു താങ്ങിയതാണെന്നോ അതല്ല അമേരിക്കന്‍ ആഫ്രിക്കന്‍ കമ്യൂണിസ്റ്റുകാരെ മുഴുവന്‍ കണ്ടു കഴിഞ്ഞു ഇന്ത്യന്‍ കമ്യൂണിസ്റ്റിനെ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ ദേ ഇപ്പോ അതും സാധിച്ചു എന്ന അര്‍ഥത്തില്‍ തികച്ചും ആത്മാര്‍ഥമായ ബൂര്‍ഷ്വാസിയുടെ ഭാഷയില്‍ സംവദിച്ചതാണെന്നും വാദിക്കാം. എന്തു കുന്തമായാലും വാല്യക്കാരെ ആരെയെങ്കിലും അയച്ചിരുന്നെങ്കില്‍ ഞങ്ങളങ്ങു വരുമായിരുന്നല്ലോ എന്നും പറഞ്ഞ് കമഴ്‍ന്നു വീണില്ല യെച്ചൂരി. വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു വരുമ്പോള്‍ വിരിമാറ് കാണിച്ചുകൊടുക്കാനുള്ള ആത്മാര്‍തഥത സൂക്ഷിക്കുന്ന നല്ല സഖാവിനെപ്പോലെ അദ്ദേഹം പെരുമാറി.
ഇന്ത്യ ലോകത്തിനു മാതൃകയാണെന്നും മറ്റും പ്രഖ്യാപിച്ച് കയ്യടി വാങ്ങിപ്പോയ ഒബാമ ഇന്തോനേഷ്യയില്‍ പറഞ്ഞതെന്താണെന്നു കൂടി ശ്രദ്ധിക്കുക-നാനാത്വവും ജനാധിപത്യവും അംഗീകരിക്കാന്‍ വികസ്വര രാജ്യത്തിന് എങ്ങനെ സാധിക്കുമെന്നതിനു തെളിവാണ് ഇന്തോനേഷ്യ. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയാണ് ഇന്തോനേഷ്യയുടേത്. സുഹൃത്തായും അമേരിക്കന്‍ പ്രസിഡന്റായുമാണ് താന്‍ ഇവിടെയെത്തിയിട്ടുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ആഴത്തിലുള്ളതാക്കുകയാണു തന്റെ ലക്ഷ്യം. രാജ്യത്തിന്റെ ആത്മീയതയെയും വൈവിധ്യത്തെയും പ്രശംസിച്ച ഒബാമ, ഇന്തോനേഷ്യയുടെ വികസനത്തില്‍ മതത്തിനുളള പങ്ക് വലുതാണെന്നും ചൂണ്ടിക്കാട്ടി.കളി തുടങ്ങിയിട്ടേയുള്ളൂ, ശേഷം ചാനലില്‍. ലൈവ്, അതല്ലേ എല്ലാം !

No comments:

Post a Comment

Related Posts Plugin for WordPress, Blogger...