കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Oct 18, 2010

തദ്ദേശ സ്ഥാപനങ്ങളെ കൂടുതല്‍ മികവുറ്റതാക്കാന്‍ -ടി. ആരിഫലി


സാമാന്യേന മൂല്യബോധമുള്ളവരെപ്പോലും അമ്പരപ്പിക്കുകയും നിസ്സഹായരാക്കുകയും ചെയ്യുന്ന തരത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നുവെന്നതാണ് ദുഃഖകരം. ഈയവസ്ഥ മാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു. പ്രാദേശികവികസനം, ജനകീയപ്രശ്‌നങ്ങള്‍, തദ്ദേശീയമായ ആവശ്യങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി പ്രാദേശികപ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമി ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലമിതാണ്.

നമ്മുടെ വികസന പ്രക്രിയയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വളരെ നിര്‍ണായകമാണ്. ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ മുദ്രാവാക്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നാം പഞ്ചായത്തീരാജ് നഗരപാലിക ആക്ട് പാസാക്കിയത്. ത്രിതല പഞ്ചായത്ത് സംവിധാനം ഗ്രാമസ്വരാജിന്റെ പ്രായോഗിക രൂപമായി വിലയിരുത്തപ്പെട്ടു. അധികാര വികേന്ദ്രീകരണവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്ന പ്രാമുഖ്യവും നമ്മുടെ വികസന പ്രക്രിയയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. രാജ്യത്തെ മറ്റേതൊരു

സംസ്ഥാനത്തേക്കാളും ശക്തമായ തദ്ദേശ സ്ഥാപനങ്ങള്‍ നമുക്കുണ്ട്. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

ആഹ്ലാദകരമായ ഈ അനുഭവങ്ങള്‍ ഉള്ളതോടൊപ്പംതന്നെ നാം ചില ആത്മ വിചാരണകള്‍ക്കും സന്നദ്ധമാകേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍കൊണ്ട് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചതിന്റെ പാതിയെങ്കിലും നേടിയെടുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് അതില്‍ പ്രധാനം. നമുക്ക് ഇതിലും കൂടുതല്‍ സഞ്ചരിക്കാന്‍ കഴിയുമായിരുന്നില്ലേ? അധികാര വികേന്ദ്രീകരണം, പ്രാദേശിക വികസനം തുടങ്ങിയ മഹത്തായ ആശയങ്ങളുടെ സൗന്ദര്യം എന്തുകൊണ്ടാണ് ചോര്‍ന്നുപോയത്? ഊര്‍ജസ്വലരും പ്രതിഭാധനരുമായ ചെറുപ്പക്കാര്‍ അടങ്ങുന്ന വമ്പിച്ച മനുഷ്യ വിഭവശേഷി, സന്തുലിതമായ കാലാവസ്ഥ, ഫലഭൂയിഷ്ഠമായ മണ്ണ്, വെള്ളത്തിന്റെ സാര്‍വത്രിക സാന്നിധ്യം തുടങ്ങിയ അനുഗൃഹീത വിഭവങ്ങള്‍കൊണ്ട് സമ്പന്നമായ നമ്മുടെ സംസ്ഥാനത്തെ നമുക്ക് ഇതിലും എത്രയോ മുന്നോട്ട് നയിക്കാന്‍ കഴിയുമായിരുന്നില്ലേ? ഇന്ന് നാം നേടിയെടുത്തൂവെന്ന് അഭിമാനിക്കുന്ന നേട്ടങ്ങള്‍ നമ്മുടെ വിഭവങ്ങളെ യഥോചിതം ശാസ്ത്രീയമായി വിനിയോഗിച്ചതുകൊണ്ടുണ്ടായതാണോ? നമ്മുടെ ചെറുപ്പക്കാര്‍ നാടും വീടും വിട്ട് അന്യദേശങ്ങളില്‍പോയി സമ്പാദിച്ചയക്കുന്ന നാണയത്തുട്ടുകള്‍ക്ക്പുറത്താണ് യഥാര്‍ഥത്തില്‍ നാം നമ്മുടെ അഭിമാന സൗധങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. അതായത്, തദ്ദേശീയമായ ഒരു സാമ്പത്തിക, ഉല്‍പാദന വ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതില്‍ നമ്മുടെ ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരാജയപ്പെട്ടു. നമ്മുടെ ഉല്‍പാദന പ്രക്രിയയെ ത്വരിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കാന്‍ കഴിയുക തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന് നാം മനസ്സിലാക്കണം.

രാഷ്ട്രീയമായ കടുത്ത പക്ഷപാതിത്വമാണ് ഈ അവസ്ഥക്ക് പ്രധാനപ്പെട്ട കാരണം. കുടിലവും സങ്കുചിതവുമായ രാഷ്ട്രീയ താല്‍പര്യങ്ങളില്‍നിന്ന് തദ്ദേശ സ്ഥാപനങ്ങളെ മോചിപ്പിക്കണം എന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആഗ്രഹം. വികസന തല്‍പരരും അഴിമതി മുക്തരും താരതമ്യേന മൂല്യബോധമുള്ളവരുമായ സ്ഥാനാര്‍ഥികളെ കക്ഷി-മുന്നണി പരിഗണനകളില്ലാതെ പിന്തുണക്കുക എന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ കാലങ്ങളായി ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച നയം. തദ്ദേശ സ്ഥാപനങ്ങള്‍ നിയമ നിര്‍മാണ സ്ഥാപനങ്ങളല്ല. വികസന പ്രക്രിയയെ ത്വരിതപ്പെടുത്താനുള്ള ഏജന്‍സികള്‍ മാത്രമാണ്. ആ അര്‍ഥത്തില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അതില്‍ വലിയ കാര്യമില്ല. എന്നാല്‍, സാമാന്യേന മൂല്യബോധമുള്ളവരെപ്പോലും അമ്പരപ്പിക്കുകയും നിസ്സഹായരാക്കുകയും ചെയ്യുന്ന തരത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നുവെന്നതാണ് ദുഃഖകരം. ഈയവസ്ഥ മാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു.

പ്രാദേശിക വികസനം, ജനകീയ പ്രശ്‌നങ്ങള്‍, തദ്ദേശീയമായ ആവശ്യങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി പ്രാദേശിക പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമി ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലമിതാണ്. പ്രാദേശിക ക്ലബുകള്‍, യുവജന-സന്നദ്ധ സംഘടനകള്‍, പരിസ്ഥിതി, മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍, മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍, ദലിത് ഗ്രൂപ്പുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിശാലമായ പ്രാദേശിക സംഘടനകള്‍ രൂപവത്കരിക്കുക എന്ന കാഴ്ചപ്പാടാണ് ജമാഅത്ത് മുന്നോട്ടുവെച്ചത്. ഇന്ന് സംസ്ഥാനത്തെ നൂറുകണക്കിന് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഇത്തരം പ്രസ്ഥാനങ്ങള്‍ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത്തരം പ്രസ്ഥാനങ്ങള്‍ സജീവമായ സാന്നിധ്യമായിക്കഴിഞ്ഞുവെന്നത് സന്തോഷകരമാണ്. തെരഞ്ഞെടുപ്പിന്റെ അജണ്ടയെതന്നെ തീരുമാനിക്കുന്നതില്‍ ഈ ഗ്രൂപ്പുകള്‍ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും നമ്മുടെ സംസ്ഥാനത്തിന് വ്യത്യസ്തമായ രാഷ്ട്രീയ-വികസന പരിപ്രേക്ഷ്യം പ്രദാനം ചെയ്യുന്നതില്‍ ഇത്തരം സംഘങ്ങള്‍ വളരെ വലിയ പങ്കുവഹിക്കും.

നമ്മുടെ തദ്ദേശ സ്ഥാപനങ്ങളെ കൂടുതല്‍ ഊര്‍ജസ്വലവും കരുത്തുറ്റതുമാക്കാന്‍ എല്ലാവരും ആത്മാര്‍ഥമായ താല്‍പര്യം കാണിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പൊതുസംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും പുതിയ കാഴ്ചപ്പാടുകള്‍ രൂപവത്കരിക്കാനും ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു. നമുക്ക് തല്‍ക്കാലം സങ്കുചിതമായ താല്‍പര്യങ്ങള്‍ മാറ്റിവെക്കാം. ആരോഗ്യകരമായ ഒരു വികസന-ഉല്‍പാദന പ്രക്രിയക്കായി കൈകോര്‍ക്കാം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...